Tuesday, August 29, 2006

ഓര്‍മ്മകളെക്കാള്‍ തീഷ്ണമെന്താണ്....? ഓര്‍മ്മകളല്ലാതെ??????!!!

പ്രണയനികള്‍ രണ്ടു പേരും തന്റെ പങ്കാളിയെ കാലങ്ങളോളം ഓര്‍രിക്കാറുണ്ടോ? ഉണ്ടാവണേ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

സച്ചിദാന്ദന്‍ പണ്ട് പാടിയപ്പോലെ ....
''നാല്പത് വര്‍ഷം കഴിഞ്ഞാലും പുരുഷന്
തന്റെ ആദ്യകാമുകിയെ തിരിച്ചറിയാന്‍ കഴിയും
ഏറെ പുതുക്കി പണിതിട്ടും താന്‍ തിരിച്ചറിയുന്ന
തന്റെ ജന്‍മഗൃഹം പോലെ" ......
അതിനാല്‍ ഞാന്‍ ഇപ്പോഴും അവളെ ഓര്‍ക്കുന്നു. കാലം അവളില്‍ വരുത്തിയ മാറ്റങ്ങളെ കാണാതിരിക്കാന്‍ എനിക്കിപ്പോഴും സാധിക്കും.

ആദ്യ കാമുകി സാദ്ധ്യതകളുടെ വലിയ ലോകമാണ് പുരുഷന് തുറന്നു കൊടുക്കുന്നത്. അവന്‍ അന്നുവരെ ശീലിച്ചിട്ടുള്ള ജൈവീകതയുടെ തരിശ് ഭൂമിയില്‍ നിന്നു അവനെ വര്‍ണ്ണങ്ങളുടെ സുന്ദരമായ പച്ചത്തഴപ്പിലേക്കാണ് അവള്‍ അവനെ കൊണ്ട് പോകുന്നത്. അവിടെ അവന് എല്ലാം പുതുമയാണ്, കിളിയുടെ കൊഞ്ചലുകളും പൂംമ്പാറ്റയുടെ നൃത്തവുമെല്ലാം അവന് പുതുമയുടെ അമ്പ്‌രപ്പിന്റെ പുതിയ ലോകമാണ് തുറന്നിടുന്നത്. ആദ്യ കാമുകിയുടെ നല്ലൊരു പ്രണയം അവനിലെ ഉത്തരവാദിത്വ ബോധത്തെ, കഴിവുകളെ ഉണര്‍ത്തും അവനെ സ്വാശ്രയ ബോധമുള്ള പുരുഷനാക്കി മാറ്റും. അവളോടുള്ള രാഗമാണ് ഇന്ന് ഞാന്‍ ഞാനായിരിക്കുന്നതിന്റെ അടിസ്ഥാനം.അതിനാല്‍ ഞാന് ഇന്നും അവളെ സ്നേഹിക്കുന്നു. അന്നത്തെക്കാള്‍ എത്രയോ അധികമായി....

17 comments:

വല്യമ്മായി said...

രണ്ടാമത്തെ കാമുകിയോ

Unknown said...

100 ശതമാനം സത്യം എന്ന് എന്റെ അനുഭവം പറയുന്നു. കര്‍ണ്ണാ നന്നായിരിക്കുന്നു.

വല്യമ്മായീ,
രണ്ടാമത്തെ കാമുകി ഒരു പുതുക്കിപ്പണിഞ്ഞ ഗൃഹമാണ്.അസ്ഥിവാരം പഴയതിന്റെ.ഗൃഹ നിര്‍മ്മാണത്തില്‍ ആദ്യം ലഭിച്ച പരിചയം രണ്ടാമത്തേതിനെ കൂടുതല്‍ സുന്ദരാമാക്കും. :)

കര്‍ണ്ണന്‍ said...

രണ്ടാമത്തെ വീട്ടിലായിരിക്കുമ്പോഴും നിങ്ങള്‍ ആദ്യത്തെ വീട് നിങ്ങള്‍ക്ക് തന്ന സ്വാതന്ത്ര്യത്തെ പറ്റി നിങ്ങള്‍ ബോധവാനാകും. അവിടെ നിങ്ങള്‍ പിച്ചവെച്ച് നടന്ന കളിമുറ്റവും നിങ്ങള്‍ തട്ടി വീണു നടക്കാന്‍ പഠിച്ച ഉമ്മറപ്പടിയും നിങ്ങളെ പഴയകാലത്തെ കുറിച്ച് ആവേശഭരിതനാക്കി കൊണ്ടിരിക്കും. വല്യമ്മായീ പുതിയ വീട് ഒരിക്കലും പഴയ വീടനു തുല്ല്യമാകില്ല. ദില്‍ബൂ പുതിയ വീട് പഴയ അനുഭവങ്ങളാല്‍ പിന്നെ പണിക്കുറവ് തീര്‍ത്ത് സുന്ദരമാക്കാന് കഴിഞ്ഞേക്കും.

അപ്പോള്‍ ദമനകാ.. വല്ല്യമായീ, ദില്‍ബാസുരാ നന്ദി വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും വീണ്ടും വരുമല്ലോ? :)

Rasheed Chalil said...

എത്ര ശതമാനം സത്യം എന്നെനിക്കറിയില്ല. ആദ്യം പ്രണയിച്ചവളെതന്നെ ഇപ്പോഴും പ്രണയിക്കുന്നത് കൊണ്ടാവും.

പിന്നെ ദില്‍ബുവിന് അറിയാമായിരിക്കും.

ഹാ.. മറന്നൂ. നന്നായിട്ടുണ്ട്.

Unknown said...

ഇത്തിരിവെട്ടം,
സംഭവം സത്യമാണ്. ആദ്യം പ്രണയിച്ച ആളെ ഒരു വ്യക്തി എന്ന നിലയില്‍ നമ്മള്‍ മറക്കുമായിരിക്കാം. പക്ഷേ ആ അനുഭവങ്ങള്‍, മാനസികാവസ്ഥ ഒന്നും മറക്കില്ല എന്ന് തന്നെ എനിക്ക് തോന്നുന്നു. (കട്:എന്റെ ‘പ്രേമിക്കാന്‍ 101 വഴികള്‍’ എന്ന പുസ്തകം)

ദില്‍ബുവിന് അറിയുമായിരിക്കും എന്ന് പറഞ്ഞത് ആക്കിയതാണെന്ന് മനസ്സിലായി. :-)

Rasheed Chalil said...

ചുള്ളാ നീ ക്ഷമി.

മ്മക്ക് എക്സ്പീരിയന്‍സ് ഇല്ലത്തതിനാല്‍ മറ്റൊരു നാട്ടുകാരനെ ചൂണ്ടിയതല്ലെ...
ഒന്ന് ക്ഷമിക്കെന്റെ ചക്കരേ..

കര്‍ണ്ണന്‍ said...

ആദ്യ പ്രണയനിയെ വ്യക്തി എന്ന നിലയില്‍ മറക്കുകയോ?!!! അയ്യോ അങ്ങനെ സംഭവിക്കുമോ ഇല്ലായിരിക്കാം, ഇല്ലാതിരിക്കട്ടെ.
പ്രണയിക്കാന്‍ നൂറ്റൊന്നു വഴികള്‍ നല്ല സംരംഭം എന്നാല്‍ അത് നിലനിര്‍ത്താനും തകര്‍ന്നതിനെ പുനരുദ്ധരിക്കുന്നതിനും അയാളെ മറക്കാനും എത്ര വഴികളുണ്ട് ദില്‍ബൂ....

നന്നായി ഇത്തിരി വെട്ടം ആദ്യ പ്രണയനിയെ ജീവിതത്തിലുടനീളം സ്വന്തമാക്കുന്നവന്‍ ദിഗദ്ധങ്ങള്‍ കീഴടക്കിയ മഹാനായ അലക്സാണ്ടറിനേക്കാള്‍ വലിയ ചക്രവര്‍ത്തിയാണ്.

Rasheed Chalil said...

കര്‍ണ്ണാ അപ്പോള്‍ ആരാ‍... ഈ ഞാന്‍

ഹോ എന്നാലും എന്റെയൊരു കാര്യം. വിനയം കൊണ്ടെനിക്കിരിക്കാന്‍ വയ്യേയ്......

Unknown said...

കണ്ണൂസ് മാഷേ,
മറക്കുക എന്ന് പറഞ്ഞാല്‍ ആളെ പാടെ മറക്കുക എന്നല്ല ഉദ്ദേശിച്ചത്. ശ്ശെ.. അത് എങ്ങനെ പറഞ്ഞ് ഫലിപ്പിക്കും?

മറക്കാന്‍ കഴിഞ്ഞേക്കും എന്നാണ് പറഞ്ഞത് (ചിലപ്പോള്‍,ആര്‍ക്കെങ്കിലും). എനിക്ക് കഴിഞ്ഞിട്ടില്ല ഇതാ ഈ നിമിഷം വരെ. ഇനി കഴിയുമെന്നും തോന്നുന്നില്ല.

പ്രണയം നിലനിര്‍ത്താനും പുനരുദ്ധരിക്കാനുമുള്ള വഴികളില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു. അനുഭവസമ്പത്തില്ല ഇവയില്‍. :-)

താങ്കള്‍ പറഞ്ഞത് സത്യം.അവര്‍ മഹാന്മാര്‍, ഭാഗ്യം ചെയ്തവര്‍....

മുല്ലപ്പൂ said...

കര്‍ണ്ണാ,
പ്രണയം ആണു വിഷയം. :)

ആദ്യ പ്രണയം പഠിപ്പിച്ച, നല്ലതെല്ലാം (എന്നു വെച്ചാല്‍ ഭാവിയില്‍ നമുക്കു പ്രയോജനപ്പെട്ടതെല്ലാം ഓര്‍ത്തിരിക്കാം) ബാക്കി മറക്കാം.

കണ്ണൂസ്‌ said...

ദില്‍ബൂ, ഞാന്‍ ഒന്നും പറയാത്ത വിഷയത്തില്‍ എന്റെ പേരെവിടന്നു വന്നു എന്ന് നോക്കാന്‍ വന്നതാ. കര്‍ണ്ണനോടായിരിക്കും ദില്‍ബു പറഞ്ഞത്‌ അല്ലേ?

അഭയാര്‍ത്ഥി said...

ഏറ്റവും സുന്ദരമായ പ്രണയം എഴുതിയിരിക്കുന്നത്‌ ബേപ്പൂര്‍ സുല്‍ത്താന്‍.

ബാല്യകാല സഖിയില്‍ വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടുന്ന സുഹ്രയും മജീദും. അവര്‍ സ്നേഹിച്ചത്‌ വേറൊന്നിനും വേണ്ടിയല്ല- കേവല സ്നേഹത്തിന്ന്.

ഒരുകൃതി വായിച്ചിട്ടും എനിക്കത്രയും പ്രേമാനുഭൂതി തോന്നിയിട്ടില്ല. കണ്ണുകള്‍ ശരിക്കും നിറഞ്ഞു പോയി. മലയാളത്തില്‍ എഴുതിയതുകോണ്ട്‌ മാത്രം ലോകത്തിലെ ഏറ്റവും വലിയ എഴുത്തുകാരന്‍ എന്ന അംഗീകാരം കിട്ടാതെ പോയ സുല്‍ത്താനാണ്‌ വൈക്കം മുഹമ്മദ്‌ ബഷീര്‍

Unknown said...

കണ്ണൂസ് ചേട്ടാ,
സോറി സോറി..... :-)

(കണ്ണീരിനടയിലൂടെ കണ്ടപ്പോള്‍ അക്ഷരം മാറിപ്പോയതാണ്)

മുസ്തഫ|musthapha said...

“..ആദ്യ കാമുകിയുടെ നല്ലൊരു പ്രണയം...”
‘നല്ലൊരു’ എന്നത് ഒരു നല്ല പ്രയോഗം തന്നെ.
പക്വതയെത്തിയ പ്രണയങ്ങള്‍ക്കേ ഇത് ബാധകമാകൂ എന്ന് തോന്നുന്നു അല്ലേ.. കര്‍ണ്ണന്‍..!!
കൌമാരനാളുകളില്‍ അപ്പുറത്തെ കൂട്ടത്തില്‍ നിന്നും ആദ്യം ചിരിച്ച കുട്ടിയോട് തോന്നിയ പ്രേമവും, അല്ലെങ്കില്‍ എല്ലാര്‍ക്കും ലപ്പുണ്ടായതോണ്ട് ഉണ്ടാക്കിയെടുത്ത ലൈനും.. അതിനൊക്കെ, ആദ്യത്തേതാണെങ്കില്‍ പോലും ഇപ്പറഞ്ഞ തലങ്ങളൊക്കെ സൃഷ്ടിക്കാന്‍ കഴിയോ?
എങ്കിലും പ്രേമത്തിന്‍റെ ആ.. ഒരു സുഖം, ഒരു ഭാരമില്ലായ്ക അല്ലെങ്കില്‍ ഒരു തുടിക്കല്‍, ഒരു നെടുവീര്‍പ്പ്.. ഇങ്ങനെ ഏതാണ്ടൊക്കെ അതുണ്ടാക്കും അല്ലേ..;)

Radheyan said...

ഓര്‍മ്മകളുടെ സിമിത്തേരിയില്‍ ട്രാക്റ്റ്ര്‍ ഓടിച്ചുകളിക്കുന്നത് (കിളക്കുന്നത്) വെറുതേയല്ലെ.അവള്‍ ആകാശകുസുമമായി നില്‍ക്കട്ടെ.ഞാന്‍ ഒന്നേ ചോദിച്ചുള്ളൂ അവളോട്.വീട്ടുകാരേയും മതത്തെയും മറ്റും എന്നെക്കാള്‍ വിലകല്‍പ്പിച്ചിരുന്നേല്‍ വെറുതെ എന്തിനു ഒരു പെരുച്ചാഴിയെപ്പോല്‍ എന്റെ കരളിന്റെ മതില്‍ തുരന്ന് അകത്ത് വന്നു.എന്റെ ചോദ്യം ആലപ്പുഴയിലെ തോട്ട്ക്കടവിലും ഇടവഴികളിലും ഇപ്പോഴും അലയടിക്കുന്നുണ്ടാവും.ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ആഗ്രഹം പൂര്‍ത്തിയാകതെ മരിച്ചവരെ പോലെ അലഞ്ഞ് നടക്കുമോ?ഇന്നു ഞാന്‍ ഓര്‍മ്മകളുടെ റയില്‍പ്പാളത്തില്‍ തലവച്ച് ഉറങ്ങാറില്ല.പ്രണയക്ഷതങ്ങള്‍ എനിക്ക് ഭാര്യയോട് പറഞ്ഞ് ചിരിക്കനുള്ള വകയായിരിക്കുന്നു.പ്രണയകഥകള്‍ എഴുതാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഞാന്‍ തമാശക്കഥകള്‍ക്കായി വ്രഥാ ശ്രമിക്കുന്നു.എങ്കിലും സന്ധ്യകള്‍ മാ‍നത്തു പൂക്കുമ്പൊളും ഏകാന്തതയിലേക്ക് ഒരു തണുത്ത കാറ്റ് തുളച്ച് കയറുമ്പോളും ഡിസമ്പറില്‍ മകരമഞ്ഞിനെ വകഞ്ഞ് മാറ്റി നക്ഷത്രവിളക്കുകള്‍ കണ്ണ് ചിമ്മുമ്പോഴും അറിയാതെയെങ്കിലും ആ വലിയ കണ്ണുകളിലെ തിളക്കം ഒരു മിന്നല്‍ പിണറായി(വിജയനല്ല)അകക്കണ്ണില്‍ വീ‍ഴാറുണ്ട്.

ബിന്ദു said...

അഞ്ജനമെന്നതു ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും. :)

കര്‍ണ്ണന്‍ said...

ഒരു പാടു സന്തോഷമായി ഞാന്‍ ഇംഗ്ലീഷില്‍ ബ്ലോഗ് ചെയ്തു കൊണ്ടിരുന്നപ്പോള്‍ എന്റെ അടുത്ത രണ്ടോ മൂന്നോ സുഹൃത്തുക്കള്‍ മാത്രം വായിച്ച് അഭിപ്രായം പറഞ്ഞാലായി. എന്നാല്‍ ഇവിടെ ശരിക്കും നിങ്ങളെല്ലാം എന്നെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നു. ഓരോ നിമിഷവും. നാടു വിട്ടു പോയതിനു ഏറെ കാലം കഴിഞ്ഞു തറവാട്ടില്‍ തിരിച്ചെത്തിയ ഒരു അനുഭൂതി. നന്ദി വായിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ അറിയിച്ചവര്‍ക്കും