Friday, December 19, 2008

പ്രിയ വയനക്കരാ ഇപ്പോള്‍ ക്ഷമിക്കു

എന്തായിരുന്നു ഇൌ നീണ്ട മൌനത്തിനു കാരണമെന്നു കഴിഞ്ഞ ദിവസമാണ് ആലോചിച്ചത്. എന്റെ നന്‍മയെ ആഗ്രഹിക്കുന്ന ഒരു സുഹൃത്തിന്റെ ചീത്തവിളിയാണ് ഉറഞ്ഞുപോയ ഒരു മണ്‍പ്പുറ്റില്‍ നിന്നു പുറത്തേക്കു നോക്കാന്‍ എന്നെ ചിന്തിപ്പിച്ചത്. വളരെ തിരക്കിലായിരുന്നു എന്ന ഒരു അലസ മറുപടിയോടെ അവന്റെ ചോദ്യങ്ങളുടെ മുന ഒടിക്കാമായിരുന്നു. അല്ലെങ്കില്‍ ഒരു മാറ്റം വേണമെന്നു തോന്നി എന്ന ബൌദ്ധീകമായി മറുപടി പഞ്ഞു നില്‍ക്കമായിരുന്നു. അല്ലെങ്കില്‍ അവന്റെ പതിവു കുറ്റപ്പെടുത്തലുകള്‍ ഏറ്റുവാങ്ങി എന്നും അവനു കീഴടങ്ങുന്നതുപോലെ പ്രതിഭാ ദാരിദ്രമെന്നു സ്വയം മുദ്രകുത്തി അവന്റെ സഹാനുഭൂതി വാങ്ങി. അവന്റെ സ്നേഹമുള്ള ഉപദേശങ്ങള്‍ക്കു കാതോര്‍ക്കാമായിരുന്നു. എന്നാല്‍ അതൊന്നുമല്ല സത്യം. അത് എന്നെക്കാളും നന്നായി അവനറിയാമെന്ന ബോധം ആ സംസാരം അവസാനിച്ചപ്പോള്‍ മാത്രമാണ് എനിക്കു മനസിലായത്.
എല്ലാവരില്‍ നിന്നും അകന്ന് സ്വയം തീര്‍ത്ത തുരുത്തിലേക്കു ഒതുങ്ങിയ കാലത്ത് എന്തെങ്കിലും നേടിയോ എന്നു ചോദിച്ചാല്‍ ഇല്ല എന്ന് എന്നെക്കാളും വ്യക്തമായി ആര്‍ക്കും അറിയാമായിരുന്നു. നഷ്ടങ്ങളുടെ കണക്കു പുസ്തകം നിവര്‍ത്തിയാല്‍ പലിശയും കൂട്ടുപലിശയും നിറഞ്ഞു പുറത്തേക്കു തള്ളി നില്‍ക്കുന്ന കുത്തഴിഞ്ഞ കടലാസുകള്‍ കാണാം. വാക്കുകളുടെ മൂര്‍ച്ച, അതിന്റെ ഭംഗി, പ്രണയത്തിന്റെയും വിരഹത്തിന്റെയും ഒടുവില്‍ നഷ്ടബോധത്തിന്റെയും വേദനകളും തീവ്രതകളും ഇന്നു തീര്‍ത്തും കുറഞ്ഞുപ്പോയി. ഇതു പറയാന്‍ കാരണം അതായിരുന്നു ഞാന്‍. അല്ലെന്നു നിങ്ങളുടെ മുന്നില്‍ കാണിക്കാന്‍ നാടകം കളിക്കുമ്പോഴും അതു മാത്രമായിരുന്നു ഞാന്‍. പക്വത ഇല്ലായ്മയുടെയും അലസതയുടെയും ഒരു കൂടാരം. കാറ്റടിച്ചു പൊടികയറുമ്പോഴും വെയിലേറ്റു നിറം മങ്ങുമ്പോഴും മഴപെയ്തു ചോരുമ്പോഴും ഞാന്‍ ഇവിടെ തന്നെയായിരുന്നു. എന്റെയീ പഴയ കൂടാരത്തില്‍. കഴിഞ്ഞ ദിവസം സംസാരിക്കവേ എന്നോട് ഏറെ സ്നേഹമുള്ള എന്റെ സ്നേഹിതന്‍ പറഞ്ഞു. '' നീ ഇപ്പോള്‍ ഒരു ശവകുടീരം പോലെ അപ്രസക്തമായിട്ടുണ്ടെന്ന്''. നേരാണ് ചിന്തിച്ചപ്പോള്‍ എന്റെ കൂടാരം വെറും ശവകൂടാരമായെന്നു തോന്നി.
പഴയ സ്ഥലങ്ങളും പഴയ ഒാര്‍മകളും സ്വപ്നങ്ങളുമായി കഴിയുന്ന ഒരാള്‍. മറ്റുള്ളവര്‍ക്കെല്ലാം തീര്‍ത്തും അന്യമായ പുരാതന ലോകത്തിലെ ഒരു ജീവി. ചരിത്രം എന്നെ എവിടേയും രേഖപ്പെടുത്തിയിട്ടില്ല. ഒരു പുല്‍ക്കൊടുപോലും എന്റെ ഒാര്‍മകളില്‍ താളം തുള്ളിയിട്ടില്ല. ഒരു സ്വപ്നം പോലും എന്നെ ഒാര്‍ത്തു ഉണര്‍ന്നിട്ടില്ല. എന്നിട്ടും ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഇൌ സമതലത്തില്‍. വാക്കുകളുടെ പടുതിരി കത്തുന്ന ഇൌ തണുത്ത ബ്ലോഗില്‍. എങ്ങു നിന്നെങ്കിലും വന്നെത്തുമെന്നു കരുതുന്ന അജ്ഞാതനായ അല്ലെങ്കില്‍ അജ്ഞാതയായ വായനക്കാരനെയും കാത്ത്. നിങ്ങള്‍ക്ക് തരാന്‍ എന്റെ കയ്യില്‍ ഒന്നുമില്ല. തമാശകളുടെയോ ചിന്തകളുടെയോ ബുദ്ധിയുടെയോ ഒരു ചെറുകണം പോലും തരാനില്ല. ദുഖത്തിന്റെ ചവര്‍പ്പും അതിന്റെ മട്ടും കുടിച്ചിറക്കി ബോധം മറഞ്ഞു വീണ തെരുവോരങ്ങളിലെ അല്‍പ്പം വിശേഷം മാത്രം.

Monday, May 12, 2008

അവര്‍ക്കിടയില്‍.....

അവന്‍
ഒരാണ്‍കുട്ടി,
ജീവിതത്തെ കുറിച്ചു
വര്‍ണശബളമായ
സ്വപ്നങ്ങള്‍ മാത്രം കാണുന്നവന്‍
ഒരു വെറും ആണ്‍കുട്ടി

ഒരിക്കല്‍
സ്വപ്നം കണ്ടു മടുത്ത്
വെറുതേ ഇരിക്കേ
ഇരുന്നു മുഷിയേയാണ
അവളെ കണ്ടത്

അവള്‍,
ഒരു പെണ്‍കുട്ടി;
വെറും പെണ്‍കുട്ടി,
എടുത്തണിയാന്‍ സുന്ദരിയുടെയോ,
പറഞ്ഞു കേള്‍പ്പിക്കാന്‍
ബുദ്ധിമതിയുടെയോ
വശീകരിച്ചു വീഴ്ത്താന്‍ വേശ്യയുടെയോ
കഴിവും ആവരണവുമില്ലാത്തവള്
വെറും ഒരു പെണ്‍കുട്ടി

അവര്‍,
വിദൂരമായ രണ്ടാത്മാക്കള്
‍വിത്യസ്തമായ രണ്ടുഭുഖണ്ഡങ്ങള്
വിദൂരമായ രണ്ടു സമുദ്രങ്ങള്
വികര്‍ഷിക്കുന്ന രണ്ടു ധൂവങ്ങള്‍
വിദൂരമായ രണ്ടു ഭൂഗോളങ്ങള്
ന്യൂട്ടന്റെ മൂന്നാം ചലന നിയമം പോലെ
വിപരീതമായ രണ്ടു പേര്‍

പിന്നീട്
അവളുടെ നിറങ്ങളില്ലാത്ത
പൂന്തോട്ടങ്ങളില്‍ അവര്
പ്രണയിച്ചു നടന്നു
അവന്റെ സ്വപ്നങ്ങളിലെ
കടുംചുവപ്പില്‍ വിരിഞ്ഞ
പൂക്കളുള്ളകരയില്‍
പച്ചപ്പിന്റെ മേലാങ്കി അണിഞ്ഞ
താഴ് വരകളിലൂടെ, പാടങ്ങളിലൂടെ

ഒടുവില്‍
വികര്‍ഷണത്തിന്റെ
സാധാരണയോടെ മറവിയുടെ
കുറുക്കു വഴികളിലൂടെ
അവന്‍ അവളെയും അവള്‍ അവനെയും
അവര്‍ അവരെയും മറന്നു
പക്ഷെ അപ്പോഴും
സമുദ്രത്തില്‍
തിരയടിക്കുന്നുണ്ടായിരുന്നു
ധ്രൂവങ്ങളില്‍
മഞ്ഞു പെയ്യുന്നുണ്ടായിരുന്നു.

കര്‍ണന്റെ വന്ദനം

ഏറെ കാലത്തിന്റെ നിശബദ്ധയ്ക്ക് ശേഷം കര്‍ണന്‍ വീണ്ടും എത്തുന്നു. കുരുക്ഷേത്ര രണാങ്കണത്തില്‍ എതിരാളിയുടെ ഗൂഢമായ ചതി ഏറ്റുവാങ്ങി പോരാട്ടം അവസാനിപ്പിച്ചിടത്തു നിന്നു തന്നെ. പോരാട്ടത്തിലെ സഹ യോദ്ധാക്കളെ വീണ്ടും കണ്ടെത്താമെന്ന മോഹം ഉള്ളിലുണ്ട്. എങ്കിലും രണ്ടു വര്‍ഷത്തെ നിശബ്ദ്ധത ശത്രുതയായി മാറിയിട്ടില്ലെന്നു കരുതി, ഉള്ളില്‍ കത്തുന്ന കനലുകള്‍, അവയുടെ ചൂടും ചൂരും തണുത്തിട്ടില്ലെന്ന പ്രതീക്ഷയില്‍ കര്‍ണന്‍ ബൂലോഗത്തിന്റെ വഴികളില്‍ വീണ്ടും എത്തുന്നു. രാജാവായിരിന്നിട്ടും തേരാളിയുടെ ചെറ്റകുടിലില്‍ വളരേണ്ടി വന്ന മനോഭാവത്തോടെ, ആനയിക്കാന്‍ തോഴിമാരോ വീശാന്‍ വെണ്‍ഞ്ചാമരങ്ങളോ ഇരുന്നു കല്‍പിക്കാന്‍ സിംഹാസനമോ അനുചര വൃന്ദങ്ങളോ ഒന്നുമില്ലാതെ വീണ്ടും തുടക്കം കുറിയ്ക്കട്ടെ ഗുരുഭൂതരേ ബൂലോഗ ദേവപ്രജകളെ സഹപോരാളികളെ നിങ്ങള്‍ക്കും ഈ കുരുക്ഷേത്രത്തിനും കര്‍ണന്റെ വന്ദനം

Sunday, March 11, 2007

മേരീ ഖയാലോം മേം....

തിരക്കു പിടിച്ച സബര്‍ബന്‍ ട്രയ്നില്‍ തൂങ്ങി നില്‍ക്കുമ്പോഴാണ് ഞാന്‍ ആദ്യമായി അവളെ കണ്ടത്. പതിനെട്ടോ ഇരുപതോ വയസ് മാത്രം പ്രായമുള്ള അവളെ കടന്നു പോയ വസന്തകാലത്തിന്റെ ബാക്കി നില്‍ക്കുന്ന സ്മരണയോടെ കാമേച്ഛ ലേശവുമില്ലാതെയാണ് ഞാന്‍ നോക്കിയത്.
തോളില്‍ തൂക്കിയിട്ടിരുന്ന പുസ്തക സഞ്ചിയില്‍ എന്തോ തിരയുമ്പോള്‍ അറിയാതെയാണ് അവള്‍ മുഖമുയര്‍ത്തി നോക്കിയതും അവളെ സ്നേഹപൂര്‍വ്വം നോക്കി പുഞ്ചിരിക്കുന്ന എന്നെ കണ്ടതും. മറ്റേതൊരു പെണ്‍കുട്ടിയും വെറുപ്പോടെ മാത്രം മുഖം വെട്ടിത്തിരിക്കാന്‍ മാത്രം യോഗ്യത ഉണ്ടായിരുന്ന എന്നെ അവള്‍ രണ്ടു നിമിഷം നോക്കി പിന്നെ കണ്‍‍ഇമകള്‍ ഒന്നു ചിമ്മി... പുസ്തക സഞ്ചിയില്‍ തിരച്ചില്‍ തുടര്‍ന്നു. പുസ്തകങ്ങള്‍ക്കിടയില്‍ നിന്ന് ഭീം സെന്‍ ജോഷിയുടെ ഖയാല്‍ ഗസല്‍ ഗാനങ്ങളടങ്ങിയ സീഡിയെടുത്ത് ആശ്വാസത്തോടെ അത് നെഞ്ചില്‍ ചേര്‍ത്ത് വച്ചപ്പോളാണ് അവള്‍ മറ്റെതു പെണ്‍‍കുട്ടിയില്‍ നിന്നും വിഭിന്നയായി സുന്ദരിയായി എനിക്ക് തോന്നിയത്.
കല്യാണിലെ ചെറിയ ഫാറ്റിലേക്ക് നടക്കുമ്പോഴും എന്റെ ഉള്ളില്‍ സിഡി നെഞ്ചോട് ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന ആ പെണ്‍ക്കുട്ടിയുടെ നിഷ്കളന്ക മുഖമായിരുന്നു.
പിന്നീട് നാലു വര്‍ഷങ്ങള്‍ക്കു ശേഷം ചുവന്ന തെരുവിന്റെ അറ്റത്തുള്ള ഇടുങ്ങിയ പഗോഡയില്‍ മങ്ങിയ വെള്ളിച്ചത്തിനു കീഴേ ജിന്നിന്റെ ലഹരിയോടെ 800 രൂപ മുടക്കിയ വേശ്യയെ ഭോഗിച്ച് തളര്‍ന്ന് കിടക്കുമ്പോഴാണ് ഭീംസെന്‍ ജോഷിയുടെ ഖയാല്‍ അവള്‍ ശോകമൂകമായി മൂളിയത്. ഞെട്ടി ഉണരുമ്പോള്‍ തളര്‍ന്ന ശരീരത്തിനും കുഴഞ്ഞു പോകുന്ന നാവിനും അടഞ്ഞുപോകുന്ന കണ്ണിനും മുന്നില്‍ അന്ന് സബര്‍ബന്‍ ട്രെയിനില്‍ വച്ച് പുസ്തകസഞ്ചിയില്‍ നിന്ന് സീഡി എടുക്കുന്ന പെണ്‍കുട്ടിയുടെ മുഖമായിരുന്നു.... അമ്പരന്നു നില്‍ക്കുന്ന എന്നെ നോക്കി കണ്‍ഇമ ചിമ്മുന്ന ആ പെണ്‍കുട്ടിയായിരുന്നു...

Sunday, December 17, 2006

നമ്മുക്കിടയില്‍ തിരയടിക്കുന്നത്

പ്രണയിച്ചിരുന്ന കാലത്തേക്കാള്‍ അവള്‍ എന്നെയും ഞാന്‍ അവളേയും സ്നേഹിച്ചത് പിരിഞ്ഞതിനു ശേഷമായിരുന്നു. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ലെന്നു പറയുന്നതുപോലെ കാണാതിരുന്ന, കേള്‍ക്കാതിരുന്ന കാലത്തില്‍ ഞങ്ങള്‍ വല്ലാതെ സ്നേഹിച്ചു. ഒരിക്കലും ഒന്നാവില്ലെന്നറിയാമായിരുന്നു എങ്കിലും പുഴ ഒഴുകി സമുദ്രത്തില്‍ ചേരുന്നതു പോലെ; താന്‍ എത്രമാത്രം നിറഞ്ഞ് ഒഴുകിയാലും സമുദ്രം നിറയില്ലെന്നറിയുന്ന പുഴയെപ്പോലെ ഞങ്ങളുടെ സ്നേഹം ഒഴുകി കൊണ്ടിരുന്നു.
"നമ്മുക്കിടയില്‍ തിരയടിക്കുന്നത്
സ്നേഹത്തിന്റെ സമുദ്രമാണെന്ന്
നീ പറഞ്ഞപ്പോള്‍‍
ഞാന്‍ ഭയന്നു
തീരങ്ങള്‍ തമ്മിലുള്ള അകലമോര്‍ത്ത്...."