Sunday, December 17, 2006

നമ്മുക്കിടയില്‍ തിരയടിക്കുന്നത്

പ്രണയിച്ചിരുന്ന കാലത്തേക്കാള്‍ അവള്‍ എന്നെയും ഞാന്‍ അവളേയും സ്നേഹിച്ചത് പിരിഞ്ഞതിനു ശേഷമായിരുന്നു. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ലെന്നു പറയുന്നതുപോലെ കാണാതിരുന്ന, കേള്‍ക്കാതിരുന്ന കാലത്തില്‍ ഞങ്ങള്‍ വല്ലാതെ സ്നേഹിച്ചു. ഒരിക്കലും ഒന്നാവില്ലെന്നറിയാമായിരുന്നു എങ്കിലും പുഴ ഒഴുകി സമുദ്രത്തില്‍ ചേരുന്നതു പോലെ; താന്‍ എത്രമാത്രം നിറഞ്ഞ് ഒഴുകിയാലും സമുദ്രം നിറയില്ലെന്നറിയുന്ന പുഴയെപ്പോലെ ഞങ്ങളുടെ സ്നേഹം ഒഴുകി കൊണ്ടിരുന്നു.
"നമ്മുക്കിടയില്‍ തിരയടിക്കുന്നത്
സ്നേഹത്തിന്റെ സമുദ്രമാണെന്ന്
നീ പറഞ്ഞപ്പോള്‍‍
ഞാന്‍ ഭയന്നു
തീരങ്ങള്‍ തമ്മിലുള്ള അകലമോര്‍ത്ത്...."

Saturday, November 11, 2006

നമ്മുടെ പ്രണയം

ലോകം ഉറങ്ങി
ഭൂമി മുഴുവന്‍ ഉറങ്ങി
നീയുറങ്ങി ഞാനും.
പക്ഷെ
നമ്മുക്കിടയിലാരോ
ഉണര്‍ന്നിരുന്നു.
കണ്ണുറങ്ങി കനവുറങ്ങി

ഹൃദയമൊഴികേ മറ്റെല്ലാമുറങ്ങി
നിദ്രയുടെ നിതാന്ത നിശബ്ദ കണങ്ങള്‍ക്കിടയിലൂടെ
നമ്മിലാരോ സംവദിച്ചു കൊണ്ടിരുന്നു.

Tuesday, November 07, 2006

പ്രണയിക്കാത്തവര്‍ക്ക്

നീ കണ്ട കണ്ണുകള്‍ നിന്നെയോ
നിന്നെ കണ്ട കണ്ണുകള്‍ നീയോ കണ്ടില്ല.
അങ്ങനെ പ്രണയം നിനക്ക് അന്യമായി.

Wednesday, October 25, 2006

നിങ്ങളെ നിങ്ങളായി മനസിലാക്കുക!!!

തിരിഞ്ഞു നോക്കുമ്പോള്‍ എനിക്കു പലപ്പോഴും അമ്പരപ്പ് തോന്നാറുണ്ട്. ഞാന്‍ എങ്ങനെ ഇവിടം വരെ എത്തിഎന്നതില്‍. ഇങ്ങനെ ഓര്‍ക്കാന്‍ നിങ്ങള്‍ക്കും തോന്നാറില്ലേ? ഇന്നു നാം ആരാണ് കുറച്ചു കാലം മുമ്പ് നാം ആരായിരുന്നു? നാളെ നമ്മള്‍ ആരായി തീരും എന്നത് ചിന്തിക്കുന്നത് നല്ലതാണ്.


നമ്മളെ നമ്മളായി തന്നെ എല്ലാവര്‍ക്കും മനസിലാക്കാന്‍ കഴിയാറുണ്ടോ? നിങ്ങളെ നിങ്ങളായി തന്നെ മനസിലാക്കുന്ന ആളോട് അല്ലെങ്കില്‍ കാമുകിയോട് കാമുകനോട് നിങ്ങള്‍ക്ക് വല്ലാത്ത അടുപ്പം തോന്നാറില്ലേ...?


പലരും കണ്ടെത്തിയതിന്റെ അപ്പുറം നാം മറ്റാരോ ആണ്.

പഴയ ഓര്‍മ്മകളില്‍ ഓളം തുള്ളുന്ന കുതിര്‍ന്ന ഒരു കടലാസ് തോണി.

മഴ കാത്തു നില്‍ക്കുന്ന മഴപ്പാറ്റ,

ഊതിയാല്‍ അടരുന്ന പൂങ്കുല പോലെ

ലോലം അതിലോലം

ലക്ഷ്യപ്രാപ്കി നേടാതെ മണ്ണിലമര്‍ന്നു പോകുന്ന

നേര്‍ത്ത ഘനീഭവിച്ച ഒരു കണ്ണുനീര്‍ തുള്ളി...

ഒരാളാലും മനസിലാക്കപ്പെടാതെ പോകുന്നവരുടെ ആത്മാവ് ദീനദീനമായി വിലപ്പിക്കുന്നതോര്‍ത്തു നോക്കൂ...

"പങ്കുവയ്ക്കപ്പെടാത്ത ചിന്തകളും

മൊഴിയപ്പെടാത്ത മോഹങ്ങളും

കണ്ടു തീരാത്ത സ്വപ്നങ്ങളും

ഏതു ചില്ലയിലാണ് ചേക്കേറുക??

ഒടുക്കം

എവിടെയാണവ അഭയം കണ്ടെത്തുക"?????!!!!!

Friday, October 13, 2006

പ്രണയത്തില്‍ അവരുടെ പതിവ്

കാണാത്തപ്പോഴെല്ലാം
വരണം എന്നു പറഞ്ഞ്
കാത്തിരിക്കാറുണ്ടായിരുന്നു.

കോള്‍ക്കാത്തപ്പോഴൊക്കെ
എവിടെ? എന്ന ചോദ്യത്തോടെ
പക്ഷെ
കാണുമ്പോള്‍‍ കേള്‍ക്കാതെ
നടന്നു മറയുന്നതായിരുന്നു
അവരുടെ പതിവ്!!!

Wednesday, October 11, 2006

എന്റെ പ്രണയം


വിരുദ്ധ ധ്രുവങ്ങളിലേയ്ക്ക് പോകുന്ന

പാതയ്ക്ക് ഇരു വശത്ത് നിന്നാണ്

അവര്‍ കണ്ടു മുട്ടിയത്.

അടുത്തതിനു ശേഷം അകലങ്ങളിലേയ്ക്ക്

പോകേണ്ട രണ്ടു പേര്‍.

Wednesday, September 27, 2006

അവള്‍; ധനുമാസക്കാറ്റ്

ആരെയും ഗൌനിക്കാതെ
തണുത്ത കരങ്ങളുമായി തിരക്കിട്ട്
എന്റെ മുറിയിലേക്ക് അവള്‍ കയറുന്നു.
അവളൊഴികെ, മറ്റാരും കയറുന്നില്ല.

വാതില്‍ വിരിപ്പിനെ തള്ളി നീക്കി
കസാലയില്‍ നിന്നെന്നെ
പുതപ്പിന്റെ അടിയിലേക്ക് തള്ളിയിട്ട്
മേശയിലെ കടലാസുകള്‍ക്കിടയില്‍
രഹസ്യം തിരയുന്നതും അവളാണ്.

അഴയിലെ തുണികളെ ഊഞ്ഞാലാടിപ്പിച്ച്
കീശകളില്‍ പരതുന്നതുമവള്‍ തന്നെ
ഭിത്തിയിലെ ഐശ്വരാറായിയെ നുള്ളി
നിലത്തെറിയുന്നതും അവളാണ്.
മേശയിലെ വിളക്കിന്റെ തിരി
'മിക്കപ്പോഴും' കെടുത്തുന്നത് അവളാണ്.

'ചിലപ്പോഴൊക്കെ' നനുത്ത ഇരുട്ടില്‍
എന്റെ പുതപ്പില്‍ നുഴഞ്ഞ് കയറി
വികാരഭരിതയായ സ്ത്രീയുടെ
ഇളം ചൂടുള്ള ശരീരത്തെ 'പലപ്പോഴും'
കൊതിയോടെ ഓര്‍മ്മിപ്പിക്കുന്നത് അവളാണ്.
അവള്‍ മാത്രമാണ്.

എങ്കിലും 'എല്ലായ്പ്പോഴും'
ഈ നശിച്ച കാറ്റ് എപ്പോള്‍
അടങ്ങുമെന്ന് ഞാന്‍ പിറുപ്പിറുക്കാറുണ്ട്.

Monday, September 18, 2006

കാത്തിരിക്കുക...

കഴിയുന്നവന്‍ അല്ലെനങ്കില്‍ കാത്തിരിക്കാന്‍ കഴിയുന്നവള്‍ വലിയ സഹനശേഷിയുള്ളവരാണ്. കാരണം കാത്തിരിക്കുക എന്നപ്പോലെ ഉത്തരവാദിത്വമേറിയ ജോലി എന്താണ് കാത്തിരിപ്പോളം വിരസതയും ആകാംഷയും സമ്മാനിക്കുന്നതെന്താണ്?. കാത്തിരിപ്പോളം മറ്റെന്താണ് നിങ്ങളെ ശ്രദ്ധാലുവാക്കുന്നത്?

കാണുന്ന കാഴ്ചകളിലും വസ്തുക്കളിലും നിങ്ങളുടെ സമീപത്തിരിക്കുന്നവരുടെ സംസാരത്തിലും നിങ്ങള്‍ മറ്റെന്നത്തെക്കാളും ശ്രദ്ധയോടെ ശ്രദ്ധിക്കും. കാത്തിരുപ്പ് നിങ്ങളെ താല്പ്പര്യമില്ലാത്ത വിഷയങ്ങള്ക്കുപ്പോലും കീഴ്പ്പെടുത്തുന്നു. കാത്തിരുപ്പ് നീളും തോറും നിങ്ങളുടെ വാച്ച് മറ്റെന്നത്തെക്കാളും സ്ലോ ആകുന്നു. അസ്വസ്ഥതയോടെ നിങ്ങള്‍ പലവട്ടം വാച്ചില്‍ നോക്കുന്നു.

കാത്തിരുന്ന് കണ്ടെത്തുമ്പോള്‍ നിങ്ങള്‍ അസ്വസ്ഥതയോടെ സന്തോഷിക്കുന്നു.ഗര്ഭിണിയായ ഒരു സ്ത്രീയുടെ അത്രയും ചലനാത്മകമായ മനസ് ഭുമിയില്‍ മറ്റാര്ക്കും ഉണ്ടാകില്ല കാരണം അവള്‍ കാത്തിരിക്കുകയാണ് തന്റെ തക്തത്തിന്റെ രക്തവും തന്റെ മാംസത്തിന്റെ മാംസവുമായ തന്റെ പ്രിയ കുഞ്ഞിനെ....

Thursday, September 14, 2006

സ്ത്രീ....

"നിങ്ങള്‍ക്ക് ഒരിക്കലും കരഗതമാകാത്ത വിശിഷ്ടമായ മുന്തിരിപ്പഴം പോലെ - എന്നാല്‍ കണ്‍ മുന്നില്‍ തന്നെ, ഒരിക്കലും തെടാന്‍ പറ്റാതെ, എന്നാല്‍ തൊടന്‍ പറ്റാവുന്നത്ര അടുത്ത്, അരികില്‍ എന്നാല്‍ അകലെ; അങ്ങനെ ആയിരിക്കുമ്പോഴാണ് സ്ത്രീ ഏറ്റവും ശക്തയാവുന്നത്, അധികാരമുള്ളവളാകുന്നത്.

വളരെ പെട്ടന്ന് നിങ്ങളുടെ മടിയിലേക്ക് വീണാല്‍ അവളുടെ ശക്തിയെല്ലാം ചോര്‍ന്നു പോകും. ഒരിക്കല്‍ നിങ്ങളവളുടെ ലൈംകീഗതയെ ചൂഷണം ചെയ്താല്‍, ഒരിക്കലവളെ ഉപയോഗിച്ചാല്‍ അവളുടെ കഥ കഴിഞ്ഞതു തന്നെ. അവള്‍ക്കു നിങ്ങളുടെ മേലുള്ള അധികാരം അതോടെ നഷ്ടമാകും. അതു കൊണ്ട് അവള്‍ നിങ്ങളെ ആകര്‍ഷിക്കുകയും അകന്നു മാറുകയും ചെയ്യുന്നു. അവള്‍ നിങ്ങളെ വശീകരിക്കുന്നു, നിങ്ങളെ പ്രകോപിതരാക്കുന്നു, നിങ്ങളെ മോഹിപ്പിക്കുന്നു; എന്നാള്‍ നിങ്ങള്‍ അരികിലെത്തുമ്പോള്‍ മുഖം തിരിക്കുന്നു, നിങ്ങളെ നിക്ഷേധിക്കുന്നു."

Tuesday, September 12, 2006

ആദ്യ വാക്കും ആദ്യ ചുംബനവും

ആദ്യ വാക്കിന്റെ മാസ്മരികത അവസാന വാക്കിനും സുക്ഷിക്കാന്‍ നിങ്ങള്‍ക്കു കഴിയാറുണ്ടോ......? ആദ്യ കാഴ്ചയുടെ ദൃശ്യപരത അവസാന കാഴ്ചവരെ മുഴുമിക്കാറുണ്ടോ....? ആദ്യ പ്രണയത്തിന്റെ തീവ്രത പിന്നീടുള്ളവയ്ക്കുണ്ടോ....?
ആദ്യത്തെതെല്ലാം സുന്ദരവും അനിവാര്യവുമാണ്. എന്നാല്‍ അവസാനങ്ങളില്‍ അത് നേര്‍ വിപരീതവും. ആദ്യ ചുംബനത്തിന്റെ വികാരം പിന്നീടുള്ളവയ്ക്ക് ഇല്ലാത്തതു പോലെ....
ആദ്യത്തേത് ആദ്യമായത് അതൊരു ലോകമാണ്. നിങ്ങള്‍ എന്നും ഓര്‍ക്കാന്‍ ആഗ്രഹിക്കുന്ന താലോലിക്കാന്‍ ഇഷ്ടപ്പെടുന്ന ഓര്‍മ്മകളുടെ ഒരു ലോകം ആദ്യത്തേതൊന്നും അവസാനിക്കാതിരിന്നെങ്കില്‍ അവസാനത്തെതൊന്നും ആരംഭിക്കാതിരിന്നെങ്കില്‍...

Thursday, August 31, 2006

ഒരാള്‍ മരിക്കുന്നത്

ഒരാള്‍ മരിക്കുക എന്നാല്‍ വലിയ കാര്യമാണോ അതെ ഒരാള്‍ മരിക്കുമ്പോള്‍ അയാള്‍ക്കൊപ്പം എന്തെല്ലാം ആണ് നഷ്ടപ്പെടുന്നത്. അയാളുടെ ശരീരം വീടിന്റെ പടഇയിറങ്ങുമ്പോള്‍ അയാളുടെ ഓര്‍മ്മകളും നമ്മിള്‍ നിന്ന് അയാളപ്പോലെ യാത്ര പറയാതെ പടിയിറങ്ങി പോവുകയാണ്.

മരണം എന്നും എന്നെ പേടിപ്പിക്കുന്ന ഒ‌രോര്‍മ്മയായിരുന്നു. മരണത്തിന്റെ തണുപ്പും അതിന്റെ ചടങ്ങുകളുടെ കുന്തഇരിക്ക മണവും എന്റെ ഓര്‍മ്മകളില്‍ അസ്വസ്ഥതയായി പടര്‍ന്നിട്ടുണ്ടായിരുന്നു. അപ്രതീക്ഷിതമായി മുഴങ്ങുന്ന ഒ‌രു പള്ളി മണിപോലും എന്റെ ഞരമ്പുകളില്‍ ഭയത്തിന്റെ കരിനാഗമായി നീലനിറം പടര്‍ത്തുമായിരുന്നു. എന്നെ വിട്ടൊഴിയാതിരുന്ന മരണത്തിന്റെ തണുത്ത കരങ്ങളില്‍ ഏഴാം വയസ്സു മുതലിന്നോളം എന്റെ കൌമാരക്കാലം വരെ എന്റെ ഒ‌ത്തിരി പ്രിയപ്പെട്ടവര്‍ പെട്ടുപ്പോയിട്ടുണ്ട്. അവരില്‍ ഓരോരുത്തരും അവരെ കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ ആകട്ടെ ഇനിയുള്ള കുറച്ച് ദിവസങ്ങളില്‍

ജീവിതത്തിലുടനീളം തീര്‍ത്തും അരക്ഷിതനായ ഒ‌രു കുട്ടിയായിരുന്നു ഞാന്‍. ലോകത്തിന്റെ വിശാലതയിലേക്ക് കൈ പിടിച്ചു നടത്താന്‍ പലപ്പോഴും എനിക്ക് ആരും തുണയുണ്ടായിരുന്നില്ല. ജീവിതത്തില്‍ കയ്ക്കുന്ന അനുഭവങ്ങള്‍ തനിച്ചു നേരിട്ടതു കൊണ്ടാവണം എന്റെ സ്വാഭാവം പലപ്പോഴും പരുഷമായി തീരാറുണ്ടായിരുന്നു. എന്റെ സനേഹനിധിയായ അമ്മയും ഏക സഹോദരിയും ബന്ധുക്കളും മറ്റും ഇവന്‍ മാത്രമെന്താ ഇങ്ങനെ എന്നോര്‍ത്ത് വിലപിക്കുന്നത് ഞാന്‍ അറിഞ്ഞിരുന്നെങ്കില്‍പ്പോലും ഞാന്‍ നിസഹായനായിരുന്നു.

അമ്മയുടെ വിവാഹം കഴിക്കാത്ത നഴ്സറി ടീച്ചറായ അനുജത്തിയായിരുന്നു എന്നെ നാലുവയസ്സുവരെ വളര്‍ത്തിയിരുന്നത്. കൊച്ചുകുഞ്ഞുമ്മ എന്നായിരുന്നു ഞങ്ങള്‍ കുട്ടികള്‍ അവരെ വിളിച്ചു കൊണ്ടിരുന്നത്. എന്റെ ചേച്ചിക്ക് പിന്നാലെ അപ്രതീക്ഷിതമായി ഞാന്‍ ജന്‍മം കൊണ്ടതിന്റെ ദൂഷ്യഫലമായിരുന്നു എന്റെ ഈ പ്രവാസ കാലത്തിന് കാരണമായി തീര്‍ന്നത്. രണ്ടു മക്കളെയും മറ്റു ജോലികളെയും ഒ‌രുമിച്ച് കൊണ്ടു പോകാന്‍ എന്റെ പെറ്റമ്മയ്ക്ക് കഴിയില്ല എന്നതു കൊണ്ട് എന്നെ വളര്‍ത്തേണ്ട ഭാരിച്ച ഉത്തരവാദിത്വം അവര്‍ ഏറ്റെടുത്തു.

എന്തു കൊണ്ടു അവര്‍ ഏറ്റവും ഇളയതായ എന്നെ തിരഞ്ഞെടുത്തു എന്നതിന് ആണ്‍കുട്ടികളെ അവര്‍ക്ക് ഇഷ്ടമായിരുന്നു എന്നതാണ് ഉത്തരം. അമ്മയുടെ മറ്റനുജത്തിമാരെല്ലാം വിവാഹിതരായിട്ടും അവര്‍ മാത്രം വിവാഹം കഴിക്കാതിരുന്നതിന്റെ കാരണം അവരുടെ ഹൃദയത്തിന്റെ വാല്‍വിന് തകരാറുള്ളതു കൊണ്ടായിരുന്നു എന്നത് ഞാന്‍ വളരെ വൈകിയാണ് മനസിലാക്കിയത്. മനസില്‍ സ്നേഹമുള്ള അമ്മയായിരുന്ന അവര്‍ എന്നോട് പലപ്പോഴും ഒ‌രു നേഴ് സറി ടീച്ചറിനേപ്പോലെയാണ് പെരുമാറിയിരുന്നത്.

ജനിച്ചു വീണ ഉടനെ കരയാതിരുന്ന ഞാന്‍ വയറ്റാട്ടിയെയും അമ്മയെയും ബന്ധുക്കളെയും പിന്നീട് ഡോക്ടര്‍മാരെയും കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചിട്ടുള്ളത്. ശരീരം നീലനിറത്തില്‍ പൊതിഞ്ഞ് ഞാന്‍ മരണത്തിലേക്ക് മുങ്ങി കൊണ്ടിരുന്നപ്പോള്‍ എന്റെ ജനനേന്ദ്രിയത്തില്‍ നുള്ളി എന്നെ കരയിച്ചത് കൊച്ചു കുഞ്ഞുമ്മയാണ്. ജനിച്ച ഉടനെ കരയാതിരുന്നതിനാല്‍ എന്റെ ഹൃദയത്തിന്റെ വാല്‍വിനും പിന്നീട് പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ ആ ആദൃശ്യചരടാണ് എന്നെയും കൊച്ചു കുഞ്ഞുമ്മയെയും ബന്ധിപ്പിച്ചിരുന്നത് എന്ന് ഞാന്‍ വൈകി മനസിലാക്കി.

ഇടത്തേ കൈയ്യനായ എന്നെ അടിതന്നും ഇടത്തേ കൈ ചെവിയില്‍ പിടിപ്പിച്ച് ഊണ് വാരിത്തീറ്റിച്ചും അവര്‍ എന്നെ ഒ‌രു വലത്തേ കൈയ്യനാക്കി മാറ്റി. മെലിഞ്ഞ ശരീരമായിരുന്നെന്കിലും അടങ്ങിയിരിക്കാത്ത കുസൃതിക്കാരനായ എന്ന അടക്കാന്‍ വടി എന്ന ഒ‌രു വാക്കു മാത്രം മതിയായിരുന്നു അവര്‍ക്ക്. നീണ്ട മുടിയും വെളുത്ത് നീണ്ട കൈ വിരലുകളും ഉള്ള കുഞ്ഞുമ്മയുടെ ആരും ഉടയ്ക്കാത്ത, പാല്‍ ചുരത്താത്ത മുലകള്‍ കുടിച്ചു കൊണ്ടായിരുന്നു ഞാന്‍ ഉറങ്ങിയിരുന്നത്.
പേരമരത്തില്‍ കയറിയതിന് അതിന്റെ ചുവട്ടില്‍ ഞാന് വീഴുമോ എന്ന് ഭയന്ന് വടിയുമായി നിന്നിരുന്ന കുഞ്ഞുമ്മയെ പേടിച്ച് മരത്തിലിരുന്ന് അലറി കരയുന്ന നാലു വയസ്സുകാരനെ അവ്യക്തമായ ഓര്‍മ്മകളില്‍ എനിക്കിന്നും കാണാന്‍ കഴിയുന്നുണ്ട്.

ഞാന് രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അവരുടെ മരണം. ഏഴു വയസ്സുകാരന്റെ ബുദ്ധിയില്‍ മരണം എന്നതിന് കാര്യമായ അര്‍ത്ഥമില്ലെങ്കിലും ഞാന്‍ കുറെ കരഞ്ഞു. കാരണം മരിച്ചു പോയത് എന്റെ അമ്മയായിരുന്നു. പിന്നീട് ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളില്‍ ഞാന്‍ അവരെ മറന്നു പോയെങ്കിലും ഇടയ്ക്ക് വല്ലാതെ മിടിക്കുന്ന ഗുളികകളുടെ ശാസനത്താല്‍ മാത്രം ശാന്തമാകുന്ന എന്റെ കൊച്ചു ഹൃദയമായി ഇന്നും കുഞ്ഞുമ്മ എന്നെ ഓര്‍മ്മിച്ചു കൊണ്ടിരിക്കുന്നു.

Tuesday, August 29, 2006

ഓര്‍മ്മകളെക്കാള്‍ തീഷ്ണമെന്താണ്....? ഓര്‍മ്മകളല്ലാതെ??????!!!

പ്രണയനികള്‍ രണ്ടു പേരും തന്റെ പങ്കാളിയെ കാലങ്ങളോളം ഓര്‍രിക്കാറുണ്ടോ? ഉണ്ടാവണേ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

സച്ചിദാന്ദന്‍ പണ്ട് പാടിയപ്പോലെ ....
''നാല്പത് വര്‍ഷം കഴിഞ്ഞാലും പുരുഷന്
തന്റെ ആദ്യകാമുകിയെ തിരിച്ചറിയാന്‍ കഴിയും
ഏറെ പുതുക്കി പണിതിട്ടും താന്‍ തിരിച്ചറിയുന്ന
തന്റെ ജന്‍മഗൃഹം പോലെ" ......
അതിനാല്‍ ഞാന്‍ ഇപ്പോഴും അവളെ ഓര്‍ക്കുന്നു. കാലം അവളില്‍ വരുത്തിയ മാറ്റങ്ങളെ കാണാതിരിക്കാന്‍ എനിക്കിപ്പോഴും സാധിക്കും.

ആദ്യ കാമുകി സാദ്ധ്യതകളുടെ വലിയ ലോകമാണ് പുരുഷന് തുറന്നു കൊടുക്കുന്നത്. അവന്‍ അന്നുവരെ ശീലിച്ചിട്ടുള്ള ജൈവീകതയുടെ തരിശ് ഭൂമിയില്‍ നിന്നു അവനെ വര്‍ണ്ണങ്ങളുടെ സുന്ദരമായ പച്ചത്തഴപ്പിലേക്കാണ് അവള്‍ അവനെ കൊണ്ട് പോകുന്നത്. അവിടെ അവന് എല്ലാം പുതുമയാണ്, കിളിയുടെ കൊഞ്ചലുകളും പൂംമ്പാറ്റയുടെ നൃത്തവുമെല്ലാം അവന് പുതുമയുടെ അമ്പ്‌രപ്പിന്റെ പുതിയ ലോകമാണ് തുറന്നിടുന്നത്. ആദ്യ കാമുകിയുടെ നല്ലൊരു പ്രണയം അവനിലെ ഉത്തരവാദിത്വ ബോധത്തെ, കഴിവുകളെ ഉണര്‍ത്തും അവനെ സ്വാശ്രയ ബോധമുള്ള പുരുഷനാക്കി മാറ്റും. അവളോടുള്ള രാഗമാണ് ഇന്ന് ഞാന്‍ ഞാനായിരിക്കുന്നതിന്റെ അടിസ്ഥാനം.അതിനാല്‍ ഞാന് ഇന്നും അവളെ സ്നേഹിക്കുന്നു. അന്നത്തെക്കാള്‍ എത്രയോ അധികമായി....

Saturday, August 26, 2006

എന്റെ പ്രിയപ്പെട്ട വായനക്കാരാ

എന്റെ പ്രിയപ്പെട്ട വായനക്കാരാ....

ഇവിടെ എന്തെല്ലാം എഴുതാം??! എന്തും എഴുതാം. സഭ്യവും അസഭ്യവും സാഹചര്യങ്ങളല്ലേ തീരുമാനിക്കുന്നത്. എന്റെ സഭ്യത ചിലപ്പോള്‍ നിങ്ങള്‍ക്ക് അസഭ്യമായേക്കാം. നിങ്ങളുടെത് എനിക്കും. എങ്കിലും എന്റെ പ്രിയപ്പെട്ട വായനക്കാരാ ജീവിതം മുല്ലമൊട്ടകള്‍ മാത്രം വിതറിയ പാതയോരങ്ങളല്ലലോ? പരുക്കന്‍ വഴികളില്‍ അനുഭവങ്ങളും പരുക്കനായേക്കാം... ചിലപ്പോള്‍ - വാക്കുളും മര്യാദകളും. അശ്ലീലത്തിലേക്കല്ല, ശീലത്തില്‍ നിന്ന് അശീലത്തിലേക്കാണ് ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നത്.... ആര്‍ത്തവ രക്തത്തെപ്പറ്റിയോ അസാന്‍മാര്‍ഗിക ബന്ധങ്ങളെ കുറിച്ചോ അല്ല എനിക്ക് നിങ്ങളോട് പറയാനുള്ളത്. പച്ചയായ മനുഷ്യ ജീവിതത്തെ കുറിച്ച്.... അതിനെ കുറിച്ച് മാത്രം....

കവി പറഞ്ഞതു പോലെ

"പ്രിയപ്പെട്ട വായനക്കാരാ വരികള്‍ക്കിടയില്‍
ചിലപ്പോള്‍ ഞാന്‍ അപ്രത്യക്ഷനാകും
വായനക്കിടയില്‍ ഒരുപക്ഷെ നിങ്ങളും"....

ജീവിതം നിങ്ങളെ (എന്നെ) എന്തു പഠിപ്പിച്ചു.???

മലയാളം വാരികയില്‍ അവസാന പേജിലെ ആ കോളം വായിച്ച് ഞാന്‍ ആലോചിച്ചിരിക്കാറുണ്ടായിരുന്നു. പിന്നീട് അനുഭവങ്ങളിലേക്ക് ഇറങ്ങി, തനിയെ നടന്നു തുടങ്ങിയ ഞാന്‍ ജീവിതം ആരെയും ഒന്നും പഠിപ്പിക്കാറില്ല എന്ന വലിയ പാഠം പഠിച്ചു. ഇവിടെയാരും പരിശുദ്ധരല്ല എന്ന തിരിച്ചറിവാണ് എന്നെ ജീവിതത്തില്‍ പൊരുതാന്‍ വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്നത്. കാരണം ഞാന്‍ അവിശുദ്ധരുടെ പട്ടികയില്‍ എന്നേ സ്ഥാനം പിടിച്ച ഒരാളാണ്. രക്തം ഒഴുകിയ വഴികള്‍ മാത്രമാണ് അടച്ച് കെട്ടാതെ ബാക്കിയായിട്ടുള്ളത് എന്ന് മനസിലാക്കിയതാണ് ജീവിതത്തില്‍ വിധിയെ അവഗണിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. അതു കൊണ്ട് ഇത് നിങ്ങളുടെ വിധിയല്ല, എന്റെ അവകാശമാണ്. തിക്തവും അനിവാര്യവുമായ അനുഭവങ്ങളുടെ മലമുകളിള്‍ നിന്ന് നിങ്ങളുടെ താഴ് വാരങ്ങളെ പ്രകമ്പനം കൊള്ളിക്കാന്‍ കുത്തൊഴുക്കായി ഞാന്‍ വരുന്നു. അത് ചിലപ്പോള്‍ ഒരു വിജയമോ പരാജയമോ ആകാം എന്നാലും... എനിക്കു വരാതിരിക്കാനാകില്ല, മാപ്പ്

എന്റെ ഓര്‍മ്മകള്‍ക്ക്

ആരും ആറിയാതെ പോയ നിരവധി സ്വപ്നങ്ങളക്കും, സഫലമാകാതെ പോയ പ്രണയത്തിനും ബാല്യത്തിലെയും കൌമാരത്തിലെയും നീറുന്ന ഓര്‍മ്മകളക്കും, എന്നെ ഞാനാക്കിയ അനുഭവങ്ങള്‍ക്കും മുന്നില്‍ മുനിഞ്ഞു കത്തുന്ന ഒരു തിരി തെളിച്ചു കൊണ്ട്