Saturday, August 26, 2006

എന്റെ പ്രിയപ്പെട്ട വായനക്കാരാ

എന്റെ പ്രിയപ്പെട്ട വായനക്കാരാ....

ഇവിടെ എന്തെല്ലാം എഴുതാം??! എന്തും എഴുതാം. സഭ്യവും അസഭ്യവും സാഹചര്യങ്ങളല്ലേ തീരുമാനിക്കുന്നത്. എന്റെ സഭ്യത ചിലപ്പോള്‍ നിങ്ങള്‍ക്ക് അസഭ്യമായേക്കാം. നിങ്ങളുടെത് എനിക്കും. എങ്കിലും എന്റെ പ്രിയപ്പെട്ട വായനക്കാരാ ജീവിതം മുല്ലമൊട്ടകള്‍ മാത്രം വിതറിയ പാതയോരങ്ങളല്ലലോ? പരുക്കന്‍ വഴികളില്‍ അനുഭവങ്ങളും പരുക്കനായേക്കാം... ചിലപ്പോള്‍ - വാക്കുളും മര്യാദകളും. അശ്ലീലത്തിലേക്കല്ല, ശീലത്തില്‍ നിന്ന് അശീലത്തിലേക്കാണ് ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നത്.... ആര്‍ത്തവ രക്തത്തെപ്പറ്റിയോ അസാന്‍മാര്‍ഗിക ബന്ധങ്ങളെ കുറിച്ചോ അല്ല എനിക്ക് നിങ്ങളോട് പറയാനുള്ളത്. പച്ചയായ മനുഷ്യ ജീവിതത്തെ കുറിച്ച്.... അതിനെ കുറിച്ച് മാത്രം....

കവി പറഞ്ഞതു പോലെ

"പ്രിയപ്പെട്ട വായനക്കാരാ വരികള്‍ക്കിടയില്‍
ചിലപ്പോള്‍ ഞാന്‍ അപ്രത്യക്ഷനാകും
വായനക്കിടയില്‍ ഒരുപക്ഷെ നിങ്ങളും"....

ജീവിതം നിങ്ങളെ (എന്നെ) എന്തു പഠിപ്പിച്ചു.???

മലയാളം വാരികയില്‍ അവസാന പേജിലെ ആ കോളം വായിച്ച് ഞാന്‍ ആലോചിച്ചിരിക്കാറുണ്ടായിരുന്നു. പിന്നീട് അനുഭവങ്ങളിലേക്ക് ഇറങ്ങി, തനിയെ നടന്നു തുടങ്ങിയ ഞാന്‍ ജീവിതം ആരെയും ഒന്നും പഠിപ്പിക്കാറില്ല എന്ന വലിയ പാഠം പഠിച്ചു. ഇവിടെയാരും പരിശുദ്ധരല്ല എന്ന തിരിച്ചറിവാണ് എന്നെ ജീവിതത്തില്‍ പൊരുതാന്‍ വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്നത്. കാരണം ഞാന്‍ അവിശുദ്ധരുടെ പട്ടികയില്‍ എന്നേ സ്ഥാനം പിടിച്ച ഒരാളാണ്. രക്തം ഒഴുകിയ വഴികള്‍ മാത്രമാണ് അടച്ച് കെട്ടാതെ ബാക്കിയായിട്ടുള്ളത് എന്ന് മനസിലാക്കിയതാണ് ജീവിതത്തില്‍ വിധിയെ അവഗണിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. അതു കൊണ്ട് ഇത് നിങ്ങളുടെ വിധിയല്ല, എന്റെ അവകാശമാണ്. തിക്തവും അനിവാര്യവുമായ അനുഭവങ്ങളുടെ മലമുകളിള്‍ നിന്ന് നിങ്ങളുടെ താഴ് വാരങ്ങളെ പ്രകമ്പനം കൊള്ളിക്കാന്‍ കുത്തൊഴുക്കായി ഞാന്‍ വരുന്നു. അത് ചിലപ്പോള്‍ ഒരു വിജയമോ പരാജയമോ ആകാം എന്നാലും... എനിക്കു വരാതിരിക്കാനാകില്ല, മാപ്പ്

No comments: