Friday, December 19, 2008

പ്രിയ വയനക്കരാ ഇപ്പോള്‍ ക്ഷമിക്കു

എന്തായിരുന്നു ഇൌ നീണ്ട മൌനത്തിനു കാരണമെന്നു കഴിഞ്ഞ ദിവസമാണ് ആലോചിച്ചത്. എന്റെ നന്‍മയെ ആഗ്രഹിക്കുന്ന ഒരു സുഹൃത്തിന്റെ ചീത്തവിളിയാണ് ഉറഞ്ഞുപോയ ഒരു മണ്‍പ്പുറ്റില്‍ നിന്നു പുറത്തേക്കു നോക്കാന്‍ എന്നെ ചിന്തിപ്പിച്ചത്. വളരെ തിരക്കിലായിരുന്നു എന്ന ഒരു അലസ മറുപടിയോടെ അവന്റെ ചോദ്യങ്ങളുടെ മുന ഒടിക്കാമായിരുന്നു. അല്ലെങ്കില്‍ ഒരു മാറ്റം വേണമെന്നു തോന്നി എന്ന ബൌദ്ധീകമായി മറുപടി പഞ്ഞു നില്‍ക്കമായിരുന്നു. അല്ലെങ്കില്‍ അവന്റെ പതിവു കുറ്റപ്പെടുത്തലുകള്‍ ഏറ്റുവാങ്ങി എന്നും അവനു കീഴടങ്ങുന്നതുപോലെ പ്രതിഭാ ദാരിദ്രമെന്നു സ്വയം മുദ്രകുത്തി അവന്റെ സഹാനുഭൂതി വാങ്ങി. അവന്റെ സ്നേഹമുള്ള ഉപദേശങ്ങള്‍ക്കു കാതോര്‍ക്കാമായിരുന്നു. എന്നാല്‍ അതൊന്നുമല്ല സത്യം. അത് എന്നെക്കാളും നന്നായി അവനറിയാമെന്ന ബോധം ആ സംസാരം അവസാനിച്ചപ്പോള്‍ മാത്രമാണ് എനിക്കു മനസിലായത്.
എല്ലാവരില്‍ നിന്നും അകന്ന് സ്വയം തീര്‍ത്ത തുരുത്തിലേക്കു ഒതുങ്ങിയ കാലത്ത് എന്തെങ്കിലും നേടിയോ എന്നു ചോദിച്ചാല്‍ ഇല്ല എന്ന് എന്നെക്കാളും വ്യക്തമായി ആര്‍ക്കും അറിയാമായിരുന്നു. നഷ്ടങ്ങളുടെ കണക്കു പുസ്തകം നിവര്‍ത്തിയാല്‍ പലിശയും കൂട്ടുപലിശയും നിറഞ്ഞു പുറത്തേക്കു തള്ളി നില്‍ക്കുന്ന കുത്തഴിഞ്ഞ കടലാസുകള്‍ കാണാം. വാക്കുകളുടെ മൂര്‍ച്ച, അതിന്റെ ഭംഗി, പ്രണയത്തിന്റെയും വിരഹത്തിന്റെയും ഒടുവില്‍ നഷ്ടബോധത്തിന്റെയും വേദനകളും തീവ്രതകളും ഇന്നു തീര്‍ത്തും കുറഞ്ഞുപ്പോയി. ഇതു പറയാന്‍ കാരണം അതായിരുന്നു ഞാന്‍. അല്ലെന്നു നിങ്ങളുടെ മുന്നില്‍ കാണിക്കാന്‍ നാടകം കളിക്കുമ്പോഴും അതു മാത്രമായിരുന്നു ഞാന്‍. പക്വത ഇല്ലായ്മയുടെയും അലസതയുടെയും ഒരു കൂടാരം. കാറ്റടിച്ചു പൊടികയറുമ്പോഴും വെയിലേറ്റു നിറം മങ്ങുമ്പോഴും മഴപെയ്തു ചോരുമ്പോഴും ഞാന്‍ ഇവിടെ തന്നെയായിരുന്നു. എന്റെയീ പഴയ കൂടാരത്തില്‍. കഴിഞ്ഞ ദിവസം സംസാരിക്കവേ എന്നോട് ഏറെ സ്നേഹമുള്ള എന്റെ സ്നേഹിതന്‍ പറഞ്ഞു. '' നീ ഇപ്പോള്‍ ഒരു ശവകുടീരം പോലെ അപ്രസക്തമായിട്ടുണ്ടെന്ന്''. നേരാണ് ചിന്തിച്ചപ്പോള്‍ എന്റെ കൂടാരം വെറും ശവകൂടാരമായെന്നു തോന്നി.
പഴയ സ്ഥലങ്ങളും പഴയ ഒാര്‍മകളും സ്വപ്നങ്ങളുമായി കഴിയുന്ന ഒരാള്‍. മറ്റുള്ളവര്‍ക്കെല്ലാം തീര്‍ത്തും അന്യമായ പുരാതന ലോകത്തിലെ ഒരു ജീവി. ചരിത്രം എന്നെ എവിടേയും രേഖപ്പെടുത്തിയിട്ടില്ല. ഒരു പുല്‍ക്കൊടുപോലും എന്റെ ഒാര്‍മകളില്‍ താളം തുള്ളിയിട്ടില്ല. ഒരു സ്വപ്നം പോലും എന്നെ ഒാര്‍ത്തു ഉണര്‍ന്നിട്ടില്ല. എന്നിട്ടും ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഇൌ സമതലത്തില്‍. വാക്കുകളുടെ പടുതിരി കത്തുന്ന ഇൌ തണുത്ത ബ്ലോഗില്‍. എങ്ങു നിന്നെങ്കിലും വന്നെത്തുമെന്നു കരുതുന്ന അജ്ഞാതനായ അല്ലെങ്കില്‍ അജ്ഞാതയായ വായനക്കാരനെയും കാത്ത്. നിങ്ങള്‍ക്ക് തരാന്‍ എന്റെ കയ്യില്‍ ഒന്നുമില്ല. തമാശകളുടെയോ ചിന്തകളുടെയോ ബുദ്ധിയുടെയോ ഒരു ചെറുകണം പോലും തരാനില്ല. ദുഖത്തിന്റെ ചവര്‍പ്പും അതിന്റെ മട്ടും കുടിച്ചിറക്കി ബോധം മറഞ്ഞു വീണ തെരുവോരങ്ങളിലെ അല്‍പ്പം വിശേഷം മാത്രം.

3 comments:

കര്‍ണ്ണന്‍ said...

പുതിയ എന്തെങ്കിലും വിശേഷം ഉടന്‍ പറയാം ഇപ്പോ ക്ഷമിക്കില്ലേ....

ശ്രീ said...

ഇതു വായിച്ചപ്പോള്‍ എന്റെ ഒരു സ്നേഹിതന്‍ എന്നോട് സംസാരിയ്ക്കുന്നതു പോലെ തോന്നി. കാരണം, അവനും ഒന്നൊന്നര വര്‍ഷത്തോളം ഞങ്ങളില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു, അവന്റെ ചില കുടുംബ പ്രശ്നങ്ങള്‍ കാരണം കൊണ്ടു മാത്രം. പലപ്പോഴും വിളിയ്ക്കുമ്പോള്‍ എന്തെങ്കിലും അവ്യക്തമായി, അലസമായി പറഞ്ഞൊഴിയും...

അതു പോട്ടെ, ‘കര്‍ണ്ണന്‍’ നല്ല പേര്. ഇനി എന്തായാലും ഇടയ്ക്ക് ഇവിടെ കാണാമല്ലോ അല്ലേ?
:)

Manoraj said...

കർണ്ണൻ ! അവഗണനകൾ ഏറ്റവും അധികം അനുഭവിച്ച ഇതിഹാസ കഥാപാത്രം!!സ്വന്തം കവചകുണ്ഡലങ്ങൾ വരെ ശത്രുവിന്റെ അച്ഛനു ദാനം നൽകിയ ഉദാരമദി!! അവൻ സൂതപുത്രനോ? അതോ സൂര്യപുത്രനോ? ഒരു സൂര്യ തേജസ്സോടെ ഇവിടെ വിളങ്ങാൻ കഴിയട്ടെ.. അരികിൽ ഒരു മിന്നാമുനുങ്ങിന്റെ നുറുങ്ങു വെട്ടം പോലെ എന്റെയീ കൊച്ചു തേജസും.