Sunday, March 11, 2007
മേരീ ഖയാലോം മേം....
തോളില്‍ തൂക്കിയിട്ടിരുന്ന പുസ്തക സഞ്ചിയില്‍ എന്തോ തിരയുമ്പോള്‍ അറിയാതെയാണ് അവള്‍ മുഖമുയര്‍ത്തി നോക്കിയതും അവളെ സ്നേഹപൂര്‍വ്വം നോക്കി പുഞ്ചിരിക്കുന്ന എന്നെ കണ്ടതും. മറ്റേതൊരു പെണ്‍കുട്ടിയും വെറുപ്പോടെ മാത്രം മുഖം വെട്ടിത്തിരിക്കാന്‍ മാത്രം യോഗ്യത ഉണ്ടായിരുന്ന എന്നെ അവള്‍ രണ്ടു നിമിഷം നോക്കി പിന്നെ കണ്‍ഇമകള്‍ ഒന്നു ചിമ്മി... പുസ്തക സഞ്ചിയില്‍ തിരച്ചില്‍ തുടര്‍ന്നു. പുസ്തകങ്ങള്‍ക്കിടയില്‍ നിന്ന് ഭീം സെന്‍ ജോഷിയുടെ ഖയാല്‍ ഗസല്‍ ഗാനങ്ങളടങ്ങിയ സീഡിയെടുത്ത് ആശ്വാസത്തോടെ അത് നെഞ്ചില്‍ ചേര്‍ത്ത് വച്ചപ്പോളാണ് അവള്‍ മറ്റെതു പെണ്‍കുട്ടിയില്‍ നിന്നും വിഭിന്നയായി സുന്ദരിയായി എനിക്ക് തോന്നിയത്.
കല്യാണിലെ ചെറിയ ഫാറ്റിലേക്ക് നടക്കുമ്പോഴും എന്റെ ഉള്ളില്‍ സിഡി നെഞ്ചോട് ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന ആ പെണ്‍ക്കുട്ടിയുടെ നിഷ്കളന്ക മുഖമായിരുന്നു.
പിന്നീട് നാലു വര്‍ഷങ്ങള്‍ക്കു ശേഷം ചുവന്ന തെരുവിന്റെ അറ്റത്തുള്ള ഇടുങ്ങിയ പഗോഡയില്‍ മങ്ങിയ വെള്ളിച്ചത്തിനു കീഴേ ജിന്നിന്റെ ലഹരിയോടെ 800 രൂപ മുടക്കിയ വേശ്യയെ ഭോഗിച്ച് തളര്‍ന്ന് കിടക്കുമ്പോഴാണ് ഭീംസെന്‍ ജോഷിയുടെ ഖയാല്‍ അവള്‍ ശോകമൂകമായി മൂളിയത്. ഞെട്ടി ഉണരുമ്പോള്‍ തളര്‍ന്ന ശരീരത്തിനും കുഴഞ്ഞു പോകുന്ന നാവിനും അടഞ്ഞുപോകുന്ന കണ്ണിനും മുന്നില്‍ അന്ന് സബര്‍ബന്‍ ട്രെയിനില്‍ വച്ച് പുസ്തകസഞ്ചിയില്‍ നിന്ന് സീഡി എടുക്കുന്ന പെണ്‍കുട്ടിയുടെ മുഖമായിരുന്നു.... അമ്പരന്നു നില്‍ക്കുന്ന എന്നെ നോക്കി കണ്‍ഇമ ചിമ്മുന്ന ആ പെണ്‍കുട്ടിയായിരുന്നു...
Sunday, December 17, 2006
നമ്മുക്കിടയില്‍ തിരയടിക്കുന്നത്
"നമ്മുക്കിടയില്‍ തിരയടിക്കുന്നത്
സ്നേഹത്തിന്റെ സമുദ്രമാണെന്ന്
നീ പറഞ്ഞപ്പോള്‍
ഞാന്‍ ഭയന്നു
തീരങ്ങള്‍ തമ്മിലുള്ള അകലമോര്‍ത്ത്...."
Saturday, November 11, 2006
നമ്മുടെ പ്രണയം
ഭൂമി മുഴുവന്‍ ഉറങ്ങി
നീയുറങ്ങി ഞാനും.
പക്ഷെ
നമ്മുക്കിടയിലാരോ
ഉണര്‍ന്നിരുന്നു.
കണ്ണുറങ്ങി കനവുറങ്ങി
ഹൃദയമൊഴികേ മറ്റെല്ലാമുറങ്ങി
നിദ്രയുടെ നിതാന്ത നിശബ്ദ കണങ്ങള്‍ക്കിടയിലൂടെ
നമ്മിലാരോ സംവദിച്ചു കൊണ്ടിരുന്നു.
Tuesday, November 07, 2006
പ്രണയിക്കാത്തവര്‍ക്ക്
നിന്നെ കണ്ട കണ്ണുകള്‍ നീയോ കണ്ടില്ല.
അങ്ങനെ പ്രണയം നിനക്ക് അന്യമായി.
Wednesday, October 25, 2006
നിങ്ങളെ നിങ്ങളായി മനസിലാക്കുക!!!
തിരിഞ്ഞു നോക്കുമ്പോള്‍ എനിക്കു പലപ്പോഴും അമ്പരപ്പ് തോന്നാറുണ്ട്. ഞാന്‍ എങ്ങനെ ഇവിടം വരെ എത്തിഎന്നതില്‍. ഇങ്ങനെ ഓര്‍ക്കാന്‍ നിങ്ങള്‍ക്കും തോന്നാറില്ലേ? ഇന്നു നാം ആരാണ് കുറച്ചു കാലം മുമ്പ് നാം ആരായിരുന്നു? നാളെ നമ്മള്‍ ആരായി തീരും എന്നത് ചിന്തിക്കുന്നത് നല്ലതാണ്.
നമ്മളെ നമ്മളായി തന്നെ എല്ലാവര്‍ക്കും മനസിലാക്കാന്‍ കഴിയാറുണ്ടോ? നിങ്ങളെ നിങ്ങളായി തന്നെ മനസിലാക്കുന്ന ആളോട് അല്ലെങ്കില്‍ കാമുകിയോട് കാമുകനോട് നിങ്ങള്‍ക്ക് വല്ലാത്ത അടുപ്പം തോന്നാറില്ലേ...?
പലരും കണ്ടെത്തിയതിന്റെ അപ്പുറം നാം മറ്റാരോ ആണ്.
പഴയ ഓര്‍മ്മകളില്‍ ഓളം തുള്ളുന്ന കുതിര്‍ന്ന ഒരു കടലാസ് തോണി.
മഴ കാത്തു നില്‍ക്കുന്ന മഴപ്പാറ്റ,
ഊതിയാല്‍ അടരുന്ന പൂങ്കുല പോലെ
ലോലം അതിലോലം
ലക്ഷ്യപ്രാപ്കി നേടാതെ മണ്ണിലമര്‍ന്നു പോകുന്ന
നേര്‍ത്ത ഘനീഭവിച്ച ഒരു കണ്ണുനീര്‍ തുള്ളി...
ഒരാളാലും മനസിലാക്കപ്പെടാതെ പോകുന്നവരുടെ ആത്മാവ് ദീനദീനമായി വിലപ്പിക്കുന്നതോര്‍ത്തു നോക്കൂ...
"പങ്കുവയ്ക്കപ്പെടാത്ത ചിന്തകളും
മൊഴിയപ്പെടാത്ത മോഹങ്ങളും
കണ്ടു തീരാത്ത സ്വപ്നങ്ങളും
ഏതു ചില്ലയിലാണ് ചേക്കേറുക??
ഒടുക്കം
എവിടെയാണവ അഭയം കണ്ടെത്തുക"?????!!!!!
